Monday 20 February 2017

മിറക്കിൾ ഫ്രൂട്ട്

തനതായ സവിശേഷതകളുള്ള മിറക്കിൾ ഫ്രൂട്ട് ആഫ്രിക്കൻ വനാന്തരങ്ങളിൽ പതിനെട്ടാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത്. അവിടുത്തെ മനുഷ്യർ ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഏതാനും മിറക്കിൾ ഫ്രൂട്ട് നുണഞ്ഞത് ഷെവലിയർ ഡി മാർക്കയ്സ് എന്ന യൂറോപ്യൻ സസ്യ ശാസ്ത്രജ്ഞനിൽ ജിജ്ഞാസ ഉണർത്തുകയും തുടർ പഠനത്തിൽ നമുക്കു സുപരിചിതമായ സപ്പോട്ടയുടെ കുടുംബത്തിലെ സിൽസിപാലം ഡാലസിഫികം എന്ന ചെടിയാണിതെന്നും മനസിലാക്കുകയുണ്ടായി. അമേരിക്കൻ ഗവേഷകർ 1970 കളിൽ തന്നെ ഈ ഫലത്തെ പറ്റി ധാരാളം ഗവേഷണ പഠനങ്ങൾ നടത്തുകയും കലോറി മൂല്യം ഒട്ടും തന്നെ ഇല്ലാത്തതും എന്നാൽ ഭക്ഷ്യ വസ്തുക്കളെ മധുരതരമാക്കുവാൻ ഈ പഴത്തിനുള്ള അത്ഭുതകരമായ സവിശേഷതയെ വാണിജ്യവത്കരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എന്നാൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് ഒരു ഫുഡ് അഡിറ്റീവായി പരിഗണിക്കുകയും വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങൾ തകർക്കുകയും ചെയ്തത്രേ. പഞ്ചസാരയുടെ വില്പനയിൽ കുറവ് വരുമെന്ന് ഭയന്നു അമേരിക്കൻ ഷുഗർ ഇൻഡസ്ടറി  ഈ പ്രോജെക്ടിനെ തകർത്തു കളഞ്ഞെന്നും പറയപ്പെടുന്നു. എന്തായാലും പുളിയുള്ള ഭക്ഷണത്തെ നല്ല മധുരതരമാക്കുക മാത്രമല്ല കൂടുതൽ നല്ല സ്വാദ് പകരാനുള്ള കഴിവും ഈ ഫലത്തിനുണ്ട്. ഏകദേശം 2 മണിക്കൂർ നേരത്തേക്ക് ഈ പ്രതിഭാസം നിലനിൽക്കും. 
കീമോതെറാപ്പിക്ക് വിധേയരാകുന്ന കാൻസർ രോഗികൾക്കു ഭക്ഷണത്തെ കൂടുതൽ ആസ്വാദ്യമാക്കുവാനുള്ള തനതായ കഴിവും ഈ അത്ഭുത ഫലത്തിനുണ്ട്. ഒരു ഉദ്യാനസസ്യമായികൂടി ഇതിനെ വളർത്താവുന്നതാണ്. സാവധാനം  വളരുന്ന ചെടികൾക്ക് പ്രകൃതി നൽകിയ ഇലച്ചാർത്തു ഏതൊരു ഉദ്യാനത്തെയും മനോഹരമാക്കും. അമ്ളാംശം കൂടിയ മണ്ണിൽ  ചെടികൾ നന്നായി വളരുന്നു. രോഗ-കീടബാധകളൊന്നും ഈ ചെടിയിൽ കാണാറില്ല. കാര്യമായ വളപ്രയോഗത്തിന്റെ ആവശ്യവുമില്ല. ചെടികൾ പൂക്കുമ്പോൾ ധാരാളം ചെറു പ്രാണികൾ ഇവയുടെ തേൻ ആസ്വദിക്കാൻ എത്തുന്നത് പരാഗണത്തെ ഏറെ സഹായിക്കുന്നു. 
മിറക്കിൾ ഫ്രൂട്ട് വളരെ ആകർഷകമായി വളരുകയും രണ്ടാം വർഷം മുതൽ പുഷ്പിച്ചു വർഷത്തിലുടനീളം ധാരാളം ഫലങ്ങൾ നൽകുകയും ചെയ്യും. അനായാസമായി കൃഷി ചെയ്യാവുന്ന ഈ ചെടികൾ അകത്തളങ്ങൾക്കു ചാരുത നൽകും, മിറക്കിൾ ഫ്രൂട്ട് ചെടി ധാരാളം ഫലങ്ങൾ നല്കുന്നതിനോടൊപ്പം മനസ്സിന് കുളിർമ്മയും സന്തോഷവും നൽകുകയും ജീവിതത്തെ മധുരോദാരമാക്കുകയും ഒപ്പം നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുകയും ചെയ്യും. 

ഡോ. സണ്ണി ജോർജ് 
ഡയറക്ടർ
റിസർച്ച് & ഡെവലപ്പ്മെന്റ് 
ഹോംഗ്രോൺ ബയോടെക് 
ഫോൺ : 8113966600 , 0428  - 297001

No comments:

Post a Comment